ഏഷ്യ, ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍ ഇടം നേടി സമ്മിറ്റ് ഓഫ് ഫ്യൂച്ചര്‍ 2025

india_book_of_records_asia_book_of_records_futureSummit_2025

കൊച്ചി: ഐക്യരാഷ്ട്രസഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങളെ (എസ്ഡിജി) അഭിസംബോധന ചെയ്യുന്ന വിദഗ്ധരുടെ ഏറ്റവും വലിയ ഒത്തുചേരലിന് ആതിഥേയത്വം വഹിച്ചതിന് ജെയിന്‍ (ഡീംഡ്-ടു-ബി) യൂണിവേഴ്‌സിറ്റി സംഘടിപ്പിച്ച സമ്മിറ്റ് ഓഫ് ഫ്യൂച്ചര്‍ 2025, ഏഷ്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സിലും ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സിലും ഇടം നേടി.


ആഗോളതലത്തില്‍ പ്രശസ്തരായ ചിന്തകരുടെയും, സംരംഭകരുടെയും നയരൂപീകര്‍ത്താക്കളുടെയും പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായ സമ്മിറ്റ് സുസ്ഥിര പുരോഗതി കൈവരിക്കുന്നതിലേക്കുള്ള യാത്രയിലെ ഒരു നാഴികക്കല്ലായി മാറി. ജെയിന്‍ യൂണിവേഴ്‌സിറ്റി കൊച്ചി കാമ്പസിലെ സമ്മിറ്റ് വേദിയില്‍ നടന്ന ചടങ്ങില്‍ ഏഷ്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സ് അഡ്ജുഡിക്കേറ്റര്‍ ഹരീഷ് ആര്‍ ഔദ്യോഗിക അംഗീകാര സര്‍ട്ടിഫിക്കറ്റ് സമ്മാനിച്ചു.

 

സാങ്കേതികവിദ്യ, പരിസ്ഥിതി, മനുഷ്യാവകാശങ്ങള്‍, സാഹിത്യം, രാഷ്ട്രീയം, നയതന്ത്രം, വിദ്യാഭ്യാസം, സുസ്ഥിര വികസനം എന്നിവയുള്‍പ്പെടെ വിവിധ മേഖലകളില്‍ നിന്നുള്ള 314 വിദഗ്ധര്‍ എട്ട് ദിവസം നീണ്ടുനിന്ന സമ്മിറ്റിനെ അഭിസംബോധന ചെയ്തു. ഫ്രീ സോഫ്‌റ്റ്വെയര്‍ പ്രസ്ഥാനത്തിന്റെ സ്ഥാപകന്‍ ഡോ. റിച്ചാര്‍ഡ് സ്റ്റാള്‍മാന്‍; മരുഭൂമിവല്‍ക്കരണത്തെ ചെറുക്കുന്നതിനുള്ള ഐക്യരാഷ്ട്രസഭാ കണ്‍വെന്‍ഷന്റെ കോര്‍ഡിനേഷന്‍ ഓഫീസ് ഡയറക്ടര്‍ മുരളി തുമ്മാരുകുടി; ബെനെടെക്ക് ഏഷ്യ, ആഫ്രിക്ക പ്രോഗ്രാംസ് ഡയറക്ടര്‍ ഡോ. ഹോമിയാര്‍ മൊബേദ്ജി, 13 വയസ്സുള്ള കാലാവസ്ഥാ പ്രവര്‍ത്തക ലിസിപ്രിയ കാങ്കുജം, വേള്‍ഡ് ഡിസൈന്‍ ഓര്‍ഗനൈസേഷന്റെ നിയുക്ത പ്രസിഡന്റ് ഡോ. പ്രദ്യുമ്‌ന വ്യാസ്; അന്താരാഷ്ട്ര മനുഷ്യാവകാശ അഭിഭാഷക അപൂര്‍വ ബോസ്,; ഇക്കിഗായ് എന്ന പുസ്തകത്തിന്റെ രചയിതാവ് ഫ്രാന്‍സെസ്‌ക് മിറാലസ്; എഴുത്തുകാരനും ചരിത്രകാരനുമായ മനു എസ്. പിള്ള, ശശി തരൂര്‍ എംപി; മുന്‍ നയതന്ത്രജ്ഞന്‍ വേണു രാജാമണി; വിദ്യാഭ്യാസ വിദഗ്ധന്‍ ടി.പി. ശ്രീനിവാസന്‍ തുടങ്ങി നിരവധി പ്രമുഖര്‍ സമ്മിറ്റില്‍ അതിഥികളായെത്തി. അവരുടെ ചര്‍ച്ചകളും ഉള്‍ക്കാഴ്ചകളും സമ്മിറ്റിനെ ആഗോളതലത്തില്‍ തന്നെ സുപ്രധാനമായ ഒരു ബൗദ്ധികവേദിയാക്കി ഉയര്‍ത്തി.

 

ജനുവരി 25-ന് മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്ത സമ്മിറ്റില്‍ ഫ്യൂച്ചര്‍ എഡ്യൂക്കേഷന്‍, ഫ്യൂച്ചര്‍ ടെക്നോളജി, ഫ്യൂച്ചര്‍ എര്‍ത്ത്, ഫ്യൂച്ചര്‍ ക്രിയേറ്റീവ്, ഓണ്‍ട്ടര്‍പ്രിണര്‍ഷിപ്പ് ആന്‍ഡ് ഇന്നൊവേഷന്‍, ഫ്യൂച്ചര്‍ ഗ്രീന്‍, കള്‍ച്ചറല്‍ ഫെസ്റ്റിവല്‍ എന്നിങ്ങനെ ഏഴ് തീമാറ്റിക് ട്രാക്കുകള്‍ ഉള്‍പ്പെടുത്തിയിരുന്നു. വിദ്യാഭ്യാസം, സാങ്കേതികവിദ്യ, പരിസ്ഥിതി, പുനരുപയോഗ ഊര്‍ജ്ജം, സൃഷ്ടിപരമായ കലകള്‍, രാഷ്ട്രീയം, കൃഷി തുടങ്ങിയ മേഖലകളിലെ അറിവ് പങ്കിടലിനും സഹകരണത്തിനും ഈ ട്രാക്കുകള്‍ സഹായകമായി.

 

കൊച്ചി ഇന്‍ഫോപാര്‍ക്കിലെ ജെയിന്‍ യൂണിവേഴ്സിറ്റി കൊച്ചി കാമ്പസിലും കിന്‍ഫ്ര ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററിലുമായി നടന്ന സമ്മിറ്റില്‍ വിദഗ്ധര്‍ നയിച്ച സെഷനുകള്‍, മാസ്റ്റര്‍ക്ലാസുകള്‍, വര്‍ക്ക്ഷോപ്പുകള്‍ എന്നിവയ്ക്ക് പുറമെ റോബോട്ടിക്സ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, നൂതന സാങ്കേതികവിദ്യകള്‍ എന്നിവയിലെ ഏറ്റവും പുതിയ മുന്നേറ്റങ്ങള്‍ അവതരിപ്പിച്ച എക്സ്പോകളും ശ്രദ്ധേയമായി. റോബോട്ടിക്സ്, എഐ, ഗ്രീന്‍ ടെക്നോളജികള്‍ എന്നിവയിലെ വിപ്ലവകരമായ കണ്ടുപിടുത്തങ്ങള്‍ ഇവിടെ പ്രദര്‍ശനത്തനുണ്ടായിരുന്നു.



ഏറ്റവും കൂടുതല്‍ വിദഗ്ധരെ ഒരുമിച്ച് കൊണ്ടുവന്നതിന് റെക്കോര്‍ഡ് കരസ്ഥമാക്കിയ സമ്മിറ്റ് വന്‍ ജനപങ്കാളിത്തംകൊണ്ടും ശ്രദ്ധ നേടി. വിവിധ സെഷനുകളിലും ചര്‍ച്ചകളിലും പ്രദര്‍ശനങ്ങളിലുമായി 100,000-ത്തിലധികം പേര്‍ പങ്കെടുത്തു.

 

വിജ്ഞാനവും നൂതനാശയങ്ങളും സുസ്ഥിരതയും പ്രോത്സാഹിപ്പിക്കുന്നതില്‍ ജെയിന്‍ യൂണിവേഴ്സിറ്റിക്കുള്ള പ്രതിബദ്ധതയുടെ തെളിവാണ് ഈ അംഗീകാരമെന്ന് ജെയിന്‍ (ഡീംഡ്-ടു-ബി) സര്‍വകലാശാലയിലെ ന്യൂ ഇനിഷ്യേറ്റീവ്സ് ഡയറക്ടര്‍ ടോം ജോസഫ് പറഞ്ഞു. നമ്മുടെ ഗ്രഹത്തിന്റെ ഭാവിയെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ഇത്രയും അധികം വിദഗ്ധരെ ഒരുമിച്ച് കൊണ്ടുവരിക എന്നത് ഒരു അക്കാദമിക വ്യായാമം മാത്രമല്ല, ഒരു ആവശ്യകതയുമായിരുന്നു. അര്‍ത്ഥവത്തായ സംഭാഷണത്തിന് പ്രചോദനം നല്‍കുകയും മൂര്‍ത്തമായ മാറ്റത്തിന് വഴിയൊരുക്കുകയും ചെയ്യുന്ന ഒരു വേദി സൃഷ്ടിക്കാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

For More Details  7034044141/ 7034044242