
കൊച്ചി: ബ്രൂവറി വേണ്ട എന്ന അഭിപ്രായം തനിക്കില്ലെന്നും കുടിവെള്ള പ്രശ്‌നമുള്ള സ്ഥലത്ത് എന്തിനാണ് ബ്രൂവറി സ്ഥാപിക്കുന്നതെന്നും പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍. ജെയിന്‍ സര്‍വ്വകലാശാലയില്‍ നടക്കുന്ന സമ്മിറ്റ് ഓഫ് ഫ്യൂച്ചര്‍ 2025ല്‍ ‘ഇന്ത്യയുടെ നാളെ’ എന്ന വിഷയത്തില്‍ നടന്ന പാനല്‍ ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുന്നാമതൊരു ട്രാക്ക് നിര്‍മ്മിക്കാന്‍ സ്ഥലമുള്ളപ്പോള്‍ എന്തിനാണ് കെ റെയില്‍ നിര്‍മ്മിക്കുന്നത്. കെ റെയില്‍ നിര്‍മ്മിച്ചാല്‍ മഴക്കാലത്ത് വെള്ളപ്പൊക്കത്തെ നേരിടേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.’ഗൗതം അദാനി 2016ന് മുന്‍പ് ലോക കോടീശ്വരന്മാരുടെ പട്ടികയില്‍ താഴെയായിരുന്നു. എന്നാല്‍ വളരെ പെട്ടെന്ന് അദ്ദേഹം ലോക സമ്പന്നന്മാരുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്തേക്ക് ഉയര്‍ന്നു. നാട്ടില്‍ പണക്കാര്‍ ഉണ്ടാകണം. എങ്കില്‍ മാത്രമെ തൊഴിലാളികള്‍ക്ക് ജീവിക്കാന്‍ സാധിക്കൂ.’ എന്നാല്‍ രാജ്യത്തെ ജനങ്ങളെ പട്ടിണിയിലേക്ക് തള്ളിവിട്ട് പണക്കാരനായ ഗൗതം അദാനിയെപ്പോലെ ആകരുതെന്ന് രാഹുല്‍ കൂട്ടിച്ചേര്‍ത്തു.
‘ഡല്‍ഹിയില്‍ മോശം വായുവാണുള്ളത്. ചൈന ഈ ഒരു പ്രശ്‌നത്തെ ക്രിയാത്മകമായാണ് സമീപിച്ചത്. ഇലക്ട്രിക് വാഹനങ്ങളും ബുള്ളറ്റ് ട്രെയിനുകളും അവര്‍ അവതരിപ്പിച്ചു. ഇലക്ട്രിക് പൊതുഗതാഗതത്തെ പരമാവധി പ്രോത്സാഹിപ്പിച്ചു. അങ്ങനെയാണ് അവര്‍ മലിനീകരണം കുറച്ചത്.’ സുസ്ഥിര വികസനം എപ്രകാരമായിരിക്കണമെന്ന ചോദ്യത്തോട് സിപിഎം നേതാവ് ജെയ്ക് സി തോമസ് പ്രതികരിച്ചു.

വരും തലമുറയെക്കൂടി പരിഗണിച്ചുകൊണ്ടുള്ള വികസനമാണ് വേണ്ടതെന്നും അതിനാണ് ഇന്ത്യ പ്രാധാന്യം നല്‍കുന്നതെന്ന് ബിജെപി നേതാവ് സന്ദീപ് വചസ്പതി പറഞ്ഞു. ചൈന ഡീപ്‌സീക്ക് അവതരിപ്പിച്ചല്ലോ എന്ന ചോദ്യത്തിന് ചൈനയുടേതുപോലുള്ള എഐ അല്ല ഇന്ത്യക്ക് വേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. ചൈനയില്‍ ജനങ്ങളോട് ചോദിക്കാതെ വികസനം നടപ്പാക്കാന്‍ കഴിയും. എന്നാല്‍ ഇന്ത്യ എല്ലാം ജനാധിപത്യപരമായാണ് നടപ്പാക്കുന്നതെന്ന് സന്ദീപ് അഭിപ്രായപ്പെട്ടു.
ഏതൊരു നയം രൂപീകരിക്കുമ്പോഴും ജനത്തിന് എന്ത് ഗുണം ചെയ്യും, ഭൂമിയെ എങ്ങനെ ബാധിക്കും, എന്താണ് ലാഭം എന്നീ മൂന്ന് കാര്യങ്ങള്‍ പരിഗണിക്കേണ്ടതുണ്ട്. പ്രകൃതി പരിപാലനം മാത്രമല്ല സുസ്ഥിര വികസനം. ദാരിദ്ര്യം ഇല്ലായ്മ ചെയ്യുക, എല്ലാവര്‍ക്കും വിദ്യാഭ്യാസം, ആരോഗ്യമേഖലയുടെ പുരോഗതി തുടങ്ങിയ കാര്യങ്ങള്‍ പരിഗണിക്കുമ്പോഴാണ് സുസ്ഥിര വികസനം സാധ്യമാക്കുന്നതെന്ന് രാഷ്ട്രീയ നിരീക്ഷകന്‍ ശ്രീജിത്ത് പണിക്കര്‍ പറഞ്ഞു. മാധ്യമ പ്രവര്‍ത്തകന്‍ അഭിലാഷ് മോഹനന്‍ ചര്‍ച്ച മോഡറേറ്റ് ചെയ്തു.
For More Details 7034044141/ 7034044242