കൃഷി ഒരു ജീവിതരീതിയും സംസ്‌കാരവുമാണ്: ദയാബായ്

Dhaya_Bhayi_futureSummit_2025

കൊച്ചി: കൃഷി ഒരു ജീവിതരീതിയും സംസ്‌കാരവുമാണെന്ന് സാമൂഹ്യ പ്രവര്‍ത്തക ദയാബായ്. എന്നാല്‍ കേരളത്തില്‍ കൃഷിയെ വിപണനരീതിയായി മാത്രമായാണ് കാണുന്നതെന്നും അവര്‍ കുറ്റപ്പെടുത്തി. കൊച്ചിയില്‍ ജെയിന്‍ യൂണിവേഴ്‌സിറ്റി ആതിഥേയത്വം വഹിക്കുന്ന സമ്മിറ്റ് ഓഫ് ഫ്യൂച്ചറിന്റെ ഭാഗമായി നടന്ന ഹരിതഭാവി സൃഷ്ടിക്കല്‍ എന്ന വിഷയത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അവര്‍.

 

ചെറുപ്പം മുതലേ കൃഷി തന്റെ രക്തത്തിലുണ്ടെന്നും ദയാബായ് പറഞ്ഞു. ”അച്ഛന്‍ ചെറുപ്പത്തില്‍ പച്ചക്കറികള്‍ നടാന്‍ എന്നെ പഠിപ്പിച്ചു. അവയുടെ വളര്‍ച്ച ഞാന്‍ സൂക്ഷ്മമായി നിരീക്ഷിക്കുമായിരുന്നു. പിന്നീട് മധ്യപ്രദേശിലെ ആദിവാസികള്‍ക്കിടയില്‍ ജോലി ചെയ്യുന്നതിനിടയില്‍ ഞാന്‍ ഒരു യഥാര്‍ത്ഥ കര്‍ഷകയായി മാറി’ അവര്‍ പറയുന്നു.

 

ദയാബായി ഇപ്പോള്‍ കാസര്‍കോടുള്ള എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് നീതി ലഭിക്കാനുള്ള പോരാട്ടത്തിലാണ്. ”ആയിരക്കണക്കിന് എന്‍ഡോസള്‍ഫാന്‍ ഇരകള്‍ ഇപ്പോഴും നീതിക്ക് വേണ്ടി പോരാടുന്നു. അവര്‍ക്ക് നീതി ലഭിക്കണം”- ദയാബായി പറഞ്ഞു.

ലിംഗനീതി ഉറപ്പാക്കുന്നതില്‍ കുടുംബശ്രീ പ്രതിജ്ഞാബദ്ധമാണെന്ന് ചര്‍ച്ചയില്‍ പങ്കെടുത്ത കുടുംബശ്രീ സ്റ്റേറ്റ് പ്രോഗ്രാം ഓഫിസര്‍ ഡോ. ശ്രീനിവാസ്.പി പറഞ്ഞു. കഴിഞ്ഞ 27 വര്‍ഷമായി കുടുംബശ്രീ, കേരളത്തിലെ സ്ത്രീകളുടെ ഉന്നമനത്തിന് വേണ്ടി പ്രവര്‍ത്തിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

 

പൈനാപ്പിള്‍ ഗ്രോവേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് ബേബി ജോണും ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിച്ചു. കേരളത്തിലെ ഏറ്റവും കൂടുതല്‍ ആദായം ലഭിക്കുന്ന കാര്‍ഷിക ഉല്‍പ്പന്നങ്ങളിലൊന്നാണ് പൈനാപ്പിള്‍. കൃഷിയില്ലാത്തൊരു ഭാവിയെക്കുറിച്ച് നമുക്ക് ചിന്തിക്കാനേ കഴിയില്ല. കേരളം പ്രതിവര്‍ഷം ആറ് ലക്ഷം ടണ്‍ പൈനാപ്പിള്‍ ആണ് ഉത്പാദിപ്പിക്കുന്നത്. ഇതിലൂടെ സംസ്ഥാനത്തിന് 2000 കോടി രൂപയിലധികം വരുമാനം ലഭിക്കുന്നുണ്ടെന്നും വ്യക്തമാക്കി.

For More Details  7034044141/ 7034044242