
കൊച്ചി: എഴുതി തുടങ്ങിയതോടെ സ്വയം ഉള്ളിലേക്ക് യാത്ര ചെയ്യുവാന്‍ സാധിച്ചെന്ന് ആനി വള്ളിക്കാപ്പന്‍. മാനസികാരോഗ്യത്തിനുള്ള നല്ല മരുന്നായാണ് താന്‍ എഴുത്തിനെ കാണുന്നതെന്നും അവര്‍ പറഞ്ഞു. സമ്മിറ്റ് ഓഫ് ഫ്യുച്ചറിന്റെ അവസാന ദിവസം ‘സാംസ്‌കാരിക വഴിത്തിരിവ്-പാരമ്പര്യത്തിന്റെയും ആധുനികതയുടെയും സംഘര്‍ഷവും സമന്വയവും ‘ എന്ന വിഷയത്തെ ആസ്പദമായി നടന്ന പാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അവര്‍.കാവല്‍ക്കാരി, നീര്‍ദിന്റെ പുസ്തകങ്ങള്‍ തുടങ്ങിയ കൃതികളുടെ രചിതാവാണ് ആനി വള്ളിക്കാപ്പന്‍.
മുത്തച്ഛന്റെ പുസ്തകാലയത്തിന്റെ കാവല്‍ക്കാരിയായാണ് ആനി വള്ളിക്കാപ്പന്‍ എഴുത്തിന്റെ ലോകത്തിലേക്ക് കാലെടുത്ത് വെക്കുന്നത്. ഉന്നത വിദ്യാഭ്യാസത്തിനായി മെല്‍ബണിലേക്ക് പോയതും അക്ഷരങ്ങളുടെ ലോകത്തേക്ക് എത്തുന്നതിനുള്ള വഴിത്തിരിവായെന്നും അവര്‍ പറഞ്ഞു. പഠനത്തിനിടയില്‍ ജീവിതത്തില്‍ ആരാകണം ചോദ്യം നേരിട്ടപ്പോള്‍ ക്ലിഷേ ഉത്തരത്തില്‍ നിന്നൊരു മോചനം എന്ന രീതിയ്ക്കാണ് എഴുത്തുക്കാരിയാകണമെന്ന ഉത്തരം നല്കുന്നത്. നോട്ട് പോലും എഴുതാന്‍ മടിയായിരുന്ന കാലത്താണ് താന്‍ അങ്ങനെയൊരു ഉത്തരം നല്‍കുന്നത്. മെഴുകുതിരി വെട്ടത്തിലിരുന്നാണ് കാവല്‍ക്കാരി എന്ന തന്റെ ആദ്യ പുസ്തകം എഴുതിയതെന്നും അവര്‍ ചര്‍ച്ചയില്‍ പറഞ്ഞു.
പാലക്കാട് സ്വദേശിയായതുകൊണ്ട് തമിഴ് സംസ്‌കാരവുമായി ചെറുപ്പം മുതല്‍ വളരെ അടുത്ത ബന്ധമാണ് എഴുത്തുകാരി അഞ്ചു സജിത്തിനുള്ളത്. തമിഴ്‌നാട് തന്റെ ജീവിതത്തെ സ്വാധീനിച്ചിട്ടുണ്ടെന്നും, ബാല്യത്തില്‍ തമിഴ് സംസ്‌കാരം നല്‍കിയ അനുഭവ സമ്പത്ത് യാത്രയിലൂടെ വളര്‍ത്തിയെടുത്തതായും അഞ്ചു പറഞ്ഞു. തമിഴ് സംസ്‌കാരം എഴുത്തുകളില്‍ കൂടുതല്‍ പ്രതിഫലിക്കാന്‍ കാരണമിതാണ്.തമിഴ് സംസകാരത്തിന്റെ സ്വാധീനത്തെ പറ്റി ഉയര്‍ന്ന ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു എഴുത്തുകാരി.
ഭര്‍ത്താവുമായുള്ള ചെറിയ പിണക്കങ്ങളില്‍ മൗനം പാലിക്കാനാണ് എഴുതി തുടങ്ങിയതെന്ന് തുളു റോസ് ടോണി ചര്‍ച്ചയില്‍ പറഞ്ഞു. ഡയറി എഴുതി മാത്രം ശീലമുണ്ടായിരുന്ന തുളുവിന്റെ എഴുത്തില്‍ നര്‍മം കയറി കൂടിയതോടെ വായനക്കാരേറെയായി. കഥയേക്കാള്‍ ആരാധകര്‍ക്ക് പ്രിയം നര്‍മം ചാലിച്ച എഴുത്തുകള്‍ക്കാണെന്ന് മനസ്സിലാക്കിയതോടെയാണ് ജീവിതാനുഭവങ്ങള്‍ ഫേസ്ബുക്കില്‍ കുറിക്കാന്‍ തുടങ്ങിയെന്നും തുളു പറഞ്ഞു. കുട്ടിക്കാലം മുതലുള്ള തമാശ നിറഞ്ഞ അനുഭാവങ്ങളാണ് തുളുവിന്റെ എഴുത്തിന്റെ സത്ത്.
യാത്രയില്‍ കണ്ടു മുട്ടുന്ന ഓരോ വ്യക്തികളും ഓരോ അനുഭവങ്ങളാണെന്നാണ് മേരി സാറ പറഞ്ഞു. ജിപ്‌സിസ് റണ്‍ ഓണ്‍ വെഡ്‌നെസ്ഡേ, വോഡ്ക സാംബാര്‍ എന്നീ പുസ്തകങ്ങളുടെ രചയിതാവാണവര്‍. ഓരോ എഴുത്തുക്കാരും തനതായ രീതിയിലാണ് എഴുതുന്നതെന്നും അത് വയ്ക്കണോ വേണ്ടയോ എന്നുള്ളത് എഴുത്തുകാരുടെ സ്വാതന്ത്ര്യമാണെന്നും ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു. എഴുത്തും യാത്രയും ഇടകലര്‍ന്ന ജീവിതാനുഭവങ്ങള്‍ പങ്കുവെച്ച ചര്‍ച്ചയില്‍ കോഴിക്കോട് ദേവഗിരി സെന്റ് ജോസഫ് കോളേജിലെ അസിസ്റ്റന്റ് പ്രൊഫസര്‍ ശില്പ ചന്ദ്രനായിരുന്നു മോഡറേറ്റര്‍.
For More Details 7034044141/ 7034044242