മലയാള സിനിമയില്‍ വിവാഹിതരായ നടിമാരെ അമ്മവേഷങ്ങളിലേക്ക് ഒതുക്കുന്ന പ്രവണത മാറി: പൂജ മോഹന്‍രാജ്

pooja_mohanraj_futureSummit_2025

കൊച്ചി: വിവാഹിതരായ നടിമാര്‍ക്ക് അമ്മ വേഷങ്ങള്‍ മാത്രം നല്‍കുന്ന വാര്‍പ്പ് മാതൃകകളെ തുടച്ചുമാറ്റുവാന്‍ മലയാള സിനിമാരംഗത്തിന് കഴിഞ്ഞിട്ടുണ്ടെന്ന് നടി പൂജ മോഹന്‍രാജ്. ജെയിന്‍ യൂണിവേഴ്‌സിറ്റി ആതിഥേയത്വം വഹിക്കുന്ന സമ്മിറ്റ് ഓഫ് ഫ്യൂച്ചര്‍ 2025ല്‍ മലയാള സിനിമയിലെ വാര്‍പ്പ് മാതൃകകള്‍ എന്ന ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അവര്‍.


താരങ്ങളുടെ വ്യക്തിജീവിതം വളരെയധികം ചര്‍ച്ചചെയ്യപ്പെടുന്നൊരു കാലത്താണ് താന്‍ ജനിച്ചു വളര്‍ന്നത്. മുന്‍പ് വിവാഹത്തോടെ അഭിനയം നിര്‍ത്തുന്നവരായിരുന്നു നടിമാര്‍. വിവാഹിതരാണെങ്കില്‍ അമ്മ വേഷം ചെയ്യുന്നവരാകും ഭൂരിഭാഗവും. എന്നാല്‍ ഇപ്പോള്‍ ആ പ്രവണത മാറിയെന്നും അവര്‍ പറഞ്ഞു. ജ്യോതിര്‍മയിലുടെ തിരിച്ചുവരവ് ചൂണ്ടിക്കാട്ടിയാണ് അവര്‍ ഇക്കാര്യം വ്യക്തമാക്കിയത്. ‘ഇപ്പോള്‍ നടിമാര്‍ വിവാഹവും പേരന്റിങ്ങുമെല്ലാം കഴിഞ്ഞ് ശക്തമായ കഥാപാത്രങ്ങളുമായാണ് സിനിമയിലേക്ക് തിരിച്ച് വരുന്നത്”- പൂജ പറഞ്ഞു.

 

വാര്‍പ്പുമാതൃകകള്‍ തച്ചുടയ്ക്കാന്‍ കൂടുതല്‍ ശ്രമിക്കുന്നവരാണ് മലയാള സിനിമാ ചലച്ചിത്രമേഖലയിലുള്ളവരെന്ന് സംവിധായകനും പാട്ടെഴുത്തുകാരനുമായ അമല്‍ നൗഷാദ് പറഞ്ഞു. ഇവിടെ നായകകഥാപാത്രം ചെയ്യുന്നവര്‍ പ്രതിനായകവേഷങ്ങളും ചെയ്യാറുണ്ട്. ഭ്രമയുഗത്തില്‍ മമ്മൂട്ടി അവതരിപ്പിച്ച നെഗറ്റീവ് വേഷം തമിഴിലെ ഒരു നടനും ചെയ്യില്ലെന്നും നൗഷാദ് വ്യക്തമാക്കി.

 

അതേസമയം ചിലപ്പോഴൊക്കെ നമുക്ക് വാര്‍പ്പുമാതൃകകള്‍ വേണമെന്ന അഭിപ്രായമായിരുന്നു സംവിധായകനും നടനുമായ സുദീപ് ജോഷി മാത്യ പങ്കുവെച്ചത്. ”ബോഡി ഷെയ്മിങ് പോലെത്തന്നെ പ്രശ്‌നമാണ് ബോഡി പോസിറ്റിവിറ്റിയിലൂടെ ഒരാളെ പരിഹസിക്കുന്നതും. മസിലളിയന്‍ എന്ന വിളിയിലൂടെ അയാള്‍ക്ക് മസില്‍ മാത്രമേയുള്ളൂ വേറെ കഴിയുകള്‍ ഇല്ലായെന്ന ദ്വയാര്‍ത്ഥം കൂടെയുണ്ട്. ബോഡി ലാംഗ്വേജ് വെച്ച് ആളുകളെ ഇകഴ്ത്തുകയാണ് ഇതിലൂടെ”- സുദീപ് ജോഷി പറഞ്ഞു.


മലയാള സിനിമ വളര്‍ന്ന് കൊണ്ടിരിക്കുകയാണ്, 2050ന് മുന്‍പേ ലോകനിലവാരം കൈവരിക്കുമെന്ന് നടന്‍ ജോജോ ജോസ് പറഞ്ഞു. മലയാള സിനിമയിലെ സ്റ്റീരിയോടൈപ്പ് മാതൃകകളെയെല്ലാം മാറ്റിയെഴുതിയ നടന്‍ കുഞ്ചാക്കോ ബോബന്‍ ആണെന്നാണ് ചര്‍ച്ചയില്‍ പങ്കെടുത്ത് സിനിമാറ്റോഗ്രാഫര്‍ വിനോദ് ഇല്ലപ്പിള്ളി പറഞ്ഞു. രേഖ രാജ് ചര്‍ച്ച മോഡറേറ്റ് ചെയ്തു.

For More Details  7034044141/ 7034044242