കുളിമുറിയിലെ എഴുത്ത് മാധ്യമ പ്രവർത്തനമല്ല; സമയക്കുറവ് ആധികാരികത നഷ്ടപ്പെടുത്തുന്നു

adv_sebastian_paul_future_summit_2025

കൊച്ചി: കുളിമുറിയിലെ എഴുത്ത് മാധ്യമ പ്രവർത്തനമായി കരുതാനാകില്ലെന്ന് അഡ്വ സെബാസ്റ്റ്യൻ പോൾ. ട്രെയിനുകളിലെ കുളിമുറികളിൽ ഫോൺ നമ്പറുകളും മറ്റ് എഴുത്തുകളും ഉണ്ടാകും. അത് വെറും കുളിമുറി ഗ്രാഫിറ്റി മാത്രമാണ്. ഡിജിറ്റൽ കുളിമുറിയിലെ എഴുത്തായി ഓൺലൈൻ മാധ്യമ പ്രവർത്തനം അധഃപതിക്കരുതെന്ന് സെബാസ്റ്റ്യൻ പോൾ പറഞ്ഞു. ജെയിൻ സർവ്വകലാശാലയിൽ നടക്കുന്ന സമ്മിറ്റ് ഓഫ് ഫ്യൂച്ചർ 2025ൽ പങ്കെടുത്ത് ‘നവ മാധ്യമങ്ങളും സമൂഹവും’ എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

 

“ഇന്ന് എഡിറ്റർമാരില്ലാത്ത സാഹചര്യം ഉണ്ട്. പണ്ട് പല അരിപ്പകളിലൂടെ പോയ ശേഷമായിരുന്നു വാർത്തകൾ പ്രസിദ്ധീകരിച്ചിരുന്നത്. ഇന്ന് എഡിറ്റർമാരില്ലാതായിരിക്കുന്നു. വസ്തുതകൾ പവിത്രമാണ് അതിനെ മലിനമാക്കരുത്. വായിൽ തോന്നുന്നത് വിളിച്ചു പറയുന്നത് മാധ്യമ പ്രവർത്തനമല്ല. ഇന്റർനെറ്റിൽ ലോകം കുടുങ്ങിക്കിടക്കുകയാണ്. അതുകൊണ്ട് മാധ്യമ പ്രവർത്തന ശൈലിയിൽ മാറ്റം സംഭവിച്ചു.” സെബാസ്റ്റ്യൻ പോൾ കുറ്റപ്പെടുത്തി.

സമയക്കുറവുകൊണ്ടാണ് വാർത്തകൾക്ക് ആധികാരികത നഷ്ടപ്പെടുന്നതെന്ന് മറുനാടൻ മലയാളിയുടെ ഉടമയും എഡിറ്ററുമായ ഷാജൻ സ്കറിയ പറഞ്ഞു. “പത്രങ്ങൾക്ക് ആധികാരികത പരിശോധിക്കാൻ കഴിയുമായിരുന്നു. തെറ്റായ വാർത്ത പ്രസിദ്ധീകരിക്കാൻ ഇടയായാൽ തിരുത്തി കൊടുക്കാനുള്ള മര്യാദ കാണിക്കണം. ടെലിവിഷനുമായി മത്സരിക്കുന്നതുകൊണ്ടാണ് തെറ്റ് സംഭവിക്കുന്നത്.” ഷാജൻ സ്കറിയ പറഞ്ഞു.

 

ഇന്നത്തെ കാലത്ത് പത്രധർമ്മം ചവിട്ടിമെതിക്കപ്പെടുന്നില്ലേയെന്ന് ജെയിൻ സർവ്വകലാശാലയുടെ പ്രൊ വൈസ് ചാൻസലറായ ജെ ലത ചോദിച്ചപ്പോൾ താൻ ചെയ്യുന്ന വീഡിയോകൾ എഡിറ്റോറിയലാണെന്ന് ഷാജൻ പ്രതികരിച്ചു. “പത്രധർമ്മം വെച്ചു നോക്കുമ്പോൾ അത് നൈതികമല്ല.” എന്നായിരുന്നു ഷാജന്റെ പ്രതികരണം.

For More Details  7034044141/ 7034044242