ഗാന്ധിയെ കൊന്നത് ഹിന്ദുത്വ തീവ്രവാദികള്‍; പറയാന്‍ മടിക്കുന്നത് എന്തിനെന്ന് വിനോദ് കൃഷ്ണ

vinod-krishna-gandhi-philosophy-futuresummit_2025 1

കൊച്ചി: മഹാത്മാ ഗാന്ധിയെ കൊലപ്പെടുത്തിയത് ഹിന്ദുത്വ തീവ്രവാദികളാണെന് പറയാന്‍ മടിക്കുന്നത് എന്തുകൊണ്ടാണെന്ന് എഴുത്തുകാരനും സിനിമാ പ്രവര്‍ത്തകനുമായ വിനോദ് കൃഷ്ണ. രാജീവ് ഗാന്ധിയെ കൊന്നത് തമിഴ് തീവ്രവാദികളാണെന്നും ഇന്ദിരാ ഗാന്ധിയെ കൊലപ്പെടുത്തിയത് സിഖ് തീവ്രവാദികളാണെന്നും പറയാറുണ്ട്. മഹാത്മാഗാന്ധിയെ കൊലപ്പെടുത്തിയത് ആരാണെന്ന് പറയാന്‍ മടിക്കുന്നത് എന്തുകൊണ്ടാണ്?- വിനോദ് കൃഷ്ണ ചോദിച്ചു. ജെയിന്‍ സര്‍വ്വകലാശാല ആതിഥേയത്വം വഹിക്കുന്ന സമ്മിറ്റ് ഓഫ് ഫ്യൂച്ചര്‍ 2025ല്‍ ‘പോസ്റ്റ് ട്രൂത്തും ഗാന്ധീയന്‍ ദര്‍ശനവും’ എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

 

ഗാന്ധിയെ കൊല്ലാന്‍ ഉപയോഗിച്ച തോക്ക് ഡല്‍ഹിയിലെ മ്യൂസിയത്തില്‍ നിന്നും എടുത്തു മാറ്റി. നാളെ, ഗാന്ധി കൊല്ലപ്പെട്ടത് വെടിയേറ്റല്ല എന്ന് പ്രചരിപ്പിക്കാനുള്ള ആദ്യ പടിയാണത്. ചരിത്രത്തെ പരിരക്ഷിക്കാനുള്ള പ്രവണത ഇന്ന് ഇല്ലെന്നും വിനോദ് കൃഷ്ണ കുറ്റപ്പെടുത്തി.

 

വിദ്യാര്‍ത്ഥികള്‍ക്ക് രാഷ്ട്രീയ ജാഗ്രത പ്രധാനമാണെന്ന് വിനോദ് പറഞ്ഞു. നിങ്ങള്‍ ആര്‍ക്കുവേണ്ടിയാണ് ജീവിക്കുന്നത് എന്ന ബോധ്യം ഉണ്ടായിരിക്കണം. സമൂഹത്തിനു വേണ്ടിയാണോ? കുടുംബത്തിനു വേണ്ടിയാണോ? തനിക്കു വേണ്ടി തന്നെയാണോ? ഇതേക്കുറിച്ച് ധാരണ ഉണ്ടായിരിക്കണമെന്ന് വിനോദ് അഭിപ്രായപ്പെട്ടു.

 

‘ഗാന്ധി നന്നായി വായിക്കുന്ന ആളായിരുന്നു. അദ്ദേഹത്തെ കൊലപ്പെടുത്തിയ നാഥുറാം വിനായക് ഗോഡ്‌സെയും വലിയ വായനക്കാരനായിരുന്നു. അയാള്‍ ക്രൈം ഫിക്ഷനായിരുന്നു വായിച്ചിരുന്നത്. അതുകൊണ്ട് കുറ്റകൃത്യം ചെയ്യാനുള്ള വാസന അയാള്‍ക്ക് കൂടുതലായിരുന്നു. എന്ത് വായിക്കണം എന്ന ചോദ്യം അതിനാല്‍ പ്രധാനമാണ്.’ വിനോദ് കൃഷ്ണ ചൂണ്ടിക്കാട്ടി.

 

മനുഷ്യന്റെ മനസിലുള്ള നന്മ ചരിത്രത്തില്‍ നിന്നും ഉണ്ടായതാണ്. സാമൂഹികമായ ഓര്‍മ്മകള്‍ ഉണ്ടാകുന്നത് ചരിത്രത്തില്‍ നിന്നാണെന്നും സദസുമായി സംവദിക്കവെ വിനോദ് കൃഷ്ണ പറഞ്ഞു.

For More Details  7034044141/ 7034044242