
കൊച്ചി: അന്ധവിശ്വാസങ്ങളെ നിയമത്തിലൂടെ ഉന്മൂലനം ചെയ്യാന്‍ സാധിക്കില്ലെന്ന് ബിജെപി നേതാവ് എം ടി രമേശ്. മനുഷ്യ മനസില്‍ മാറ്റം വന്നാല്‍ മാത്രമെ അന്ധവിശ്വാസത്തെ പ്രതിരോധിക്കാന്‍ കഴിയൂ എന്ന് അദ്ദേഹം പറഞ്ഞു. ജെയിന്‍ സര്‍വ്വകലാശാലയില്‍ നടക്കുന്ന സമ്മിറ്റ് ഓഫ് ഫ്യൂച്ചര്‍ 2025ല്‍ ‘മാറ്റത്തിന്റെ ശബ്ദം’ എന്ന വിഷയത്തില്‍ നടന്ന പാനല്‍ ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഒരുഭാഗത്ത് കേരളം പുരോഗമിച്ച് മുന്നോട്ടു പോകുകയാണ്. ഒറ്റപ്പെട്ട ചില സംഭവങ്ങള്‍ ചൂണ്ടിക്കാട്ടി കേരളം പിന്നോട്ടു പോകുകയാണെന്ന് പറയാന്‍ കഴിയില്ല. ഒറ്റപ്പെട്ട സംഭവങ്ങളെ ഒരുപോലെ നിരാകരിക്കണം.’ എം ടി രമേശ് പറഞ്ഞു.
‘നമ്മുടെ നാട്ടില്‍ നിന്നും തുടച്ചു നീക്കിയ ചില ആചാരങ്ങളുണ്ട്. വെള്ളമുണ്ട് ഉടുക്കാന്‍ ചില വിഭാഗക്കാര്‍ക്ക് അവകാശം ഉണ്ടായിരുന്നില്ല, മാറുമറയ്ക്കാന്‍ സമരം നടത്തിയ നാടാണ് നമ്മുടേത്. എന്നാല്‍ അടുത്തകാലത്ത് അനാചാരങ്ങളില്‍ ചിലത് കേരളത്തിലേക്ക് മടങ്ങിവരുകയാണ്. ഇതിനെ പ്രതിരോധിക്കണം.’ സിപിഎം നേതാവും അഭിഭാഷകനുമായ കെ എസ് അരുണ്‍കുമാര്‍ ആവശ്യപ്പെട്ടു.

സ്ത്രീ-പുരുഷ തുല്യതയെ അംഗീകരിക്കുന്നില്ലെന്ന മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി എം എ സലാമിന്റെ പ്രസ്താവനയെ പുശ്ചത്തോടെ തള്ളിക്കളയുകയാണെന്ന് ആര്‍എസ്പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോണ്‍ പറഞ്ഞു. സ്ത്രീ-പുരുഷ തുല്യതയ്‌ക്കെതിരെ നിലപാടെടുത്ത പിഎംഎ സലാമിനെ തള്ളിപ്പറയാന്‍ തയ്യാറുണ്ടോയെന്ന കെ എസ് അരുണ്‍ കുമാറിന്റെ ചോദ്യത്തോടായിരുന്നു ഷിബു ബേബി ജോണിന്റെ പ്രതികരണം. നല്ല വിഭാഗം കുട്ടികള്‍ക്കും രാഷ്ട്രീയത്തോട് പുച്ഛമാണ്. യുവാക്കളും യുവതികളും രാഷ്ട്രീയത്തിലേക്ക് കടന്നുവരണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. കേരളത്തില്‍ നിന്നും വിദ്യാര്‍ത്ഥികളുടെ കൂട്ടപ്പലായനം നടക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു.
‘ഇന്ത്യയെക്കാള്‍ നല്ലത് വിദേശ രാജ്യങ്ങളാണെന്നു ധരിച്ചാണ് കുട്ടികള്‍ പുറത്തേക്ക് പോകുന്നതെന്ന് മാത്യു കുഴല്‍നാടന്‍ എം.എല്‍.എ ചര്‍ച്ചയില്‍ പറഞ്ഞു. നമ്മുടെ നഗരങ്ങള്‍ രാത്രി 10 മണി കഴിഞ്ഞാല്‍ ഉറങ്ങും. എന്നാല്‍ കുട്ടികളുടെ ദിവസം ആരംഭിക്കുന്നത് 10 മണിക്കാണ്. ഇവിടെ ലിബറല്‍ സ്‌പേസ് ഇല്ല. മാധ്യമങ്ങള്‍ നാടിനെ മോശമായി ചിത്രീകരിക്കുകയാണ്. പോസിറ്റീവായി മാധ്യമങ്ങളില്‍ ഒന്നും കാണാന്‍ കഴിയുന്നില്ല. കേരളം ഒരുമോശം സ്ഥലമല്ലെന്നും എം.എല്‍.എ പറഞ്ഞു.
For More Details 7034044141/ 7034044242